A Review by Sundar carried by Kala Kaumudi
മാര്‍ച്ച് രണ്ടാം തീയതി ലാറി ബേക്കറിന്റെ തൊണ്ണൂറാം പിറന്നാളിന്, ഭാര്യ ഡോ. എലിസബത്ത് ബേക്കറിന്റെ സമ്മാനം ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച ദി അദര്‍ സൈഡ് ഓഫ് ലാറി ബേക്കര്‍ എന്ന പുസ്തകം. ലാറിയേക്കുറിച്ച് മിസ്സിസ് ബേക്കര്‍ എഴുതിയ ഈ പുസ്തകത്തിന്റെ കവറിലെ ബേക്കര്‍ കാര്‍ട്ടൂണ്‍ നോക്കൂ -- അവനവനെ ഒട്ടും സീരിയസ്സായി എടുക്കാന്‍ തയാറല്ല ബേക്കര്‍.
പുസ്തകത്തിന്റെ ഉള്ളിലേക്ക് കടന്നാല്‍ ബേക്കേറിയന്‍ തത്വസംഹിതകളെ പൂര്‍ണ്ണമായി മനസിലാക്കി അംഗീകരിച്ച, കുഷ്ഠരോഗികളെയും ആദിവാസികളെയും ചികിത്സിച്ച് നിറവറിഞ്ഞ ഡോ. എലിസബത്ത് ബേക്കറിന്റെ കണ്ണുകളിലൂടെ ജീവിതം പ്രാര്‍ത്ഥനയായി മാറ്റിയ ബേക്കറിനെ കാണാം.
സ്വാതന്ത്ര്യമാണെന്നു തോന്നുന്നു ലാറി ബേക്കറിന്റെ ജീവിതത്തിന്റെ കാതല്‍. പല ജീവിതസന്ധികളില്‍ അദൃശ്യമായൊരു ശക്തി വഴികാട്ടിയപ്പോള്‍ നാളെയെക്കുറിയ്യ് വ്യാകുലപ്പെടാതം കര്‍മ്മയോഗിയായി ബേക്കര്‍ ആ വഴികളിലൂടെ നടന്നുയ കഴിഞ്ഞ അറുപതോളം വര്‍ഷങ്ങളായി ഡോ. എലിസബത്ത് ബേക്കറിനോടൊപ്പം -- അതില്‍ നാല്‍പ്പതോളം വര്‍ഷങ്ങളായി നമുക്കിടയില്‍ -- വാഗമണ്ണിലും തിരുവനന്തപുരത്തും.
മെട്രിക്കുലേഷന്‍ അത്ര നല്ല മാര്‍ക്കൊന്നും നേടാത്ത വിദ്യാര്‍ത്ഥിയായിരുന്ന ലാറിയുടെ വാസ്തുശില്പകലയിലുള്ള വാസന തിരിച്ചറിഞ്ഞ, ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിമൂന്നിലെ ബിര്‍മിംഹാം സ്ക്കൂള് ഓഫ് ആര്‍ക്കിടെക്ചര്‍ പ്രിന്സിപ്പാളാവണം ആദ്യത്തെ നിമിത്തം.
മെത്താഡിസ്റ്റായിരുന്ന ലാറിയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് അഹിംസയില്‍ പരിപൂര്‍ണ്ണമായും വിശ്വാസമര്‍പ്പിച്ചിരുന്ന ക്വേക്കറുകളുമായുള്ള ചെറുപ്പത്തിലുണ്ടായ ബന്ധമാവണം. ക്വേക്കര്‍മാരുടെ ഫ്രണ്ട്സ് ആംബുലന്‍സ് യൂണിറ്റിലെ ആംഗമായിരുന്ന ലാറിക്ക് മനസ്സാക്ഷിയുടെ പേരില്‍ നിര്‍ബ്ബന്ധിത സൈനിക സേവനത്തില്‍ നിന്നൊഴിഞ്ഞ് ആറാള് ചികിത്സകസംഘത്തിലെ ഒരംഗമായി രണ്ടാം ലോകമഹായുദ്ധകാലത്ത് ചൈനയില്‍ സേവനമനുഷ്ഠിക്കാനൊത്തു.
ചൈനയില്‍ രണ്ട് ജര്‍മ്മന്‍ സഹോദരിമാര്‍ നടത്തുന്ന ഒരു മിഷന് ആശുപത്രിയില്‍ മലേറിയ ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു ലാറി. ശത്രിരാജ്യക്കാരായതിനാല് വീട്ടുതടങ്കലിലായിരുന്ന ഈ സഹോദരിമാര്‍ക്ക് അവര്‍ ദൂരെ നടത്തുന്ന കുഷ്ഠരോഗാശുപത്രിയിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. കുഷ്ഠരോഗികളെ നോക്കാനും ഒപ്പം കഴിയാനും ആരും തയ്യാറായിരുന്നില്ലാത്ത കാലം. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുഷ്ഠരോഗികളെ പിടിച്ച് വിദൂരതയിലുള്ള മലഞ്ചെരിവുകളില്‍ ജീവനോടെ മറവു ചെയ്തിരുന്ന കാലം. ആരെങ്കിലുമെത്തും വരെ കുഷ്ഠരോഗികളെ പരിചരിക്കാമെന്നേറ്റു ലാറി.
ഫ്രണ്ട്സ് ആംബുലന്‍സ് യൂണിറ്റിന്റെ അനുമതിയോടെ എത്തിപ്പെടാന്‍ പ്രയാസമുള്ളൊരു ചൈനീസ് പ്രവിശ്യയുടെ കോണില്‍ 1942ല്‍ ബേക്കറിന്റെ പുതിയ ജീവിതമാരംഭിക്കുന്നു. കുഷ്ഠരോഗികളുടെ വ്രണം കഴുകി വൃത്തിയാക്കുകയും ലഭ്യമാകുമ്പോഴൊക്കെ മരുന്നും ഇഞ്ചക്ഷനും കൊടുത്തും എണ്‍പതോളം രോഗികളുടെ ഏകസുഹൃത്തായി, കുടുംബമായി, നേഴ്സായി, ഡോക്ടറായി, കമ്പൌണ്ടറായി, ഞായറാഴ്ചകളില്‍ പാതിരിയുമായി.
കുഷ്ഠരോഗികളോടൊപ്പം ലാറി പൂന്തോട്ടം നനച്ച്, പച്ചക്കറി കൃഷി ചെയ്ത്, പശുവും കോഴിയും താറാവും വളര്‍ത്തി. രോഗികളോടൊപ്പം ചോളഭക്ഷണം പങ്കിട്ട് കഴിച്ച്, അവര്‍ക്കായി കെട്ടിടങ്ങള്‍ പണിഞ്ഞ്, വേണ്ടപ്പോള്‍ ശവപ്പെട്ടി നിര്‍മ്മിച്ച്, അന്ത്യകൂദാശ നടത്തി.
പിന്നീട് ആയിരത്തിത്തൊള്ളായിരത്തി നാല്പ്പത്തിയഞ്ചില് ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രയില്‍ ബോംബെയില്‍ മൂന്നു മാസക്കാലം കപ്പലിനുവേണ്ടി കാത്തിരിപ്പ്. ആ നേരത്താണ് ലാറി ഗാന്ധിജിയെ കാണുന്നതും ഗാന്ധിയന്‍ തത്വസംഹിതകളില്‍ ആകര്ഷിതനാകുന്നതും, ഗാന്ധിജിയുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതും. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ തീക്ഷ്ണതയ്ക്കിടയിലും ലാറിയെ ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ക്ഷണിച്ചു -- വീണ്ടുമൊരു നിമിത്തം.
ഇംഗ്ലണ്ടിലെത്തിയ ലാറി, വീണ്ടുമൊരു ഈശ്വരനിശ്ചയം പോലെ, ഒരു വാരാന്തത്തില്‍ ലണ്ടന്‍ തെരുവുകളിലൊന്നില്‍ കുഷ്ഠരോഗികള്‍ക്കായുള്ള മിഷന്റെ ബോര്‍ഡു കാണുന്നു. അവരെന്തുചെയ്യുന്നു എന്നറിയാന്‍ കെട്ടിടത്തിനുള്ളിലേക്ക് കടക്കുന്നു. കുഷ്ഠരോഗികള്‍ക്കായി ഇന്ത്യയില്‍ ആശുപത്രി പണിയാന്‍ ഒരു വാസ്തുശില്പിയെ നോക്കിയിരിക്കുകയായിരുന്നു നേപ്പാള്‍ അതിര്‍ത്തിയിലെ ചണ്ടാഗ് മുതല്‍ കന്യാകുമാരി ജില്ലയില്‍ വരെ കേന്ദ്രങ്ങളുള്ള ഈ കുഷ്ഠരോഗികള്‍ക്കായുള്ള മിഷന്.
ഇന്ത്യയിലെത്തിയ ലാറിക്ക് സാഹിബ്ബുകളുടെയും മേംസാഹിബ്ബുകളുടെയും വേഷംകെട്ടി ധൂര്‍ത്തിന്റെയും ധാരാളിത്തത്തിന്റെയും കൊളോണിയല്‍ ശൈലി പാലിച്ചുപോന്ന വിദേശമിഷനറിമാരുടെ ജീവിതവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. നായണക്ക് ദിവസവാടകയ്ക്കെടുത്ത സൈക്കിളില്‍ ലാറി ഫൈസലബാദിലും ചിറ്റുവട്ടത്തുള്ള ഗ്രാമങ്ങളിലും കറങ്ങി. ഒരു യാത്രയില്‍ നഗരപ്രാന്തത്തില്‍ നൂറോളം രോഗികളെ കിടത്തി ചികിത്സിക്കുന്ന ഒരു കുഷ്ഠരോഗാശുപത്രി കണ്ടു -- അത് നടത്തുന്ന ഡോ. പി.ജെ. ചാണ്ടിയെ പരിചയപ്പെട്ടു. സുഹൃത്തായി.അവരുടെ ജീവിതത്തിന്റെ ഭാഗമായി.
ഇക്കാലത്താണ് ഡോ. ചാണ്ടി ഹൈദരാബാദിലെ കരീംനഗറില്‍ ഒരു മിഷന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടായിരുന്ന സഹോദരി ഡോ. എലിസബത്തിനെ തനിക്കൊരു ഓപ്പറേഷന് നടത്താന്‍ ഫൈസാബാദിലെത്താന്‍ ആവശ്യപ്പെട്ടത്. സ്റ്റേഷനില്‍ ഡോ. എലിസബത്തിനെ സ്വീകരിക്കാന്‍ എത്തിയത് ലാറി ബേക്കര്‍!
ഫൈസാബാദില്‍ ഡോ. എലിസബത്ത് കുഷ്ഠരോഗത്തിന്റെ ഭീകരത കണ്ടറിഞ്ഞു -- മൂക്കിന്റെ സ്ഥാനത്ത് ദ്വാരം മാത്രമുള്ളവര്‍, കൈയോ കാലോ നഷ്ടപ്പെട്ട്, അവിടെ ചീഞ്ഞളിഞ്ഞ വ്രണങ്ങളുള്ളവര്‍, ദുസ്സഹമായ ഗന്ധം. ചികിത്സയില്‍ സഹായമായി ഒപ്പത്തിനൊപ്പം ലാറിയും.
ഒരു മാസത്തിനകം വന്നൊരു സായാഹ്നത്തില്‍ രാറി എലിസബത്തിനോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നു. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മദിരാശിയില്‍ വെച്ച് ഇവര്‍ വിവാഹിതരാവുന്നു.
മധുവിധുവിന് ഹിമാലയസാനുക്കളിലെത്തിയ ദമ്പതികള്‍ ഒരു കൊച്ച് 'ചായപ്പീടിക' ആശുപത്രിയായി മാറ്റുന്നു. പുഴ കടന്നും മലകയറിയിറങ്ങിയും ദിവസങ്ങളോളം നടന്ന് രോഗികളെത്തി. എലിസബത്ത് ബേക്കര്‍ ഡോക്ടറും ലാറി ബേക്കര്‍ ബാക്കി എല്ലാ സ്റ്റാഫും.
തുടക്കത്തിലൊരിക്കല്‍ പേഴ്സിലുണ്ടായിരുന്നത് രണ്ടര അണ. പിന്നീട് നേടിയത് ഓരോ പിച്ചള പ്ലേറ്റും ഓരോ പിച്ചള ഗ്ലാസും. ഭായിയോടും ബഹനോടുമുള്ള നാട്ടുകാരുടെ നിറഞ്ഞ സ്നേഹവും. ഹിമാലയസാനുക്കളിലെ മധുവിധു പതിനാറ് വര്‍ഷം നീണ്ടു. ഇവിടെ ബേക്കര്‍ പണിത വീടിന് നാട്ടുകാര്‍ നിര്‍ദ്ദേശിച്ച പേര് മിത്രനികേതന്. ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തിയെട്ട് മുതല്‍ അറുപത്തിമൂന്ന് വരെയുള്ള ഹിമാലയന്‍ കാലഘട്ടത്തിലാണ് പരിസ്ഥിതിയ്ക്കിണങ്ങുന്ന പരിതസ്ഥിതിയ്ക്കൊതുങ്ങുന്ന ഗാന്ധിയന്‍ സത്വങ്ങളിലധിഷ്ഠിതമായ ബേക്കര്‍ വാസ്തുശില്‍പ്പകല രൂപമെടുത്തത്.
ഇന്ത്യാ-ചൈനാ അതിര്‍ത്തി സംഘര്‍ഷം പിത്തറഗോറിലുളവാക്കിയ ആശാന്തി ഹിമാലയസാനുക്കള്‍ വിടാന്‍ പ്രേരിപ്പിച്ച കാലത്താണ് ബേക്കര്‍ വണ്ടിപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തുന്നതും ഇടയ്ക്കുവെച്ച് ബസ്സുകള്‍ പണിമുടക്കിയത് കൊണ്ടുമാത്രം അന്ന് ഇരുപത് കിലോമീറ്റര്‍ നടന്ന് കുരിശുമല ആശ്രമത്തിലെത്തുന്നതും. ഫാന്‍സിസ് ആചാര്യ അച്ചനും ഗ്രിഫിത്ത് അച്ചനും ഒരാശുപത്രി തുടങ്ങന്‍ പേക്കറിനെ ക്ഷണിച്ചു. ബേക്കര്‍ ദമ്പതികള്‍ വാഗമണ്ണില്‍ മിത്രനികേതന് ആശുപത്രി തുടങ്ങി.
അഞ്ചു വര്‍ഷത്തിലേറെ ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായിരുന്ന മിത്രനികേതന് ആശുപത്രി സുഹൃത്തുക്കളായ ഒരു വിദേശ ഡോക്ടറിനെയും നേഴ്സിനെയും ഏല്‍പ്പിച്ച് മകന് തിലക്കിന്റെ വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്ത് എത്തിയത് വെള്ളറടയിലെ മറ്റൊരു മിത്രനികേതനില്‍!
മിത്രനികേതനില്‍ രണ്ടായിരത്തിയഞ്ഞൂറ് രൂപയ്ക്ക് ബേക്കര്‍ പണിഞ്ഞ കെട്ടിടം കണ്ട തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയാണ് ബിഷപ്പ് പാലസിന് തൊട്ടുചേര്‍ന്ന സ്ഥലത്ത് അതേ തുകയ്ക്ക് വീടു പണിയാന്‍ ബേക്കറിനോട് ആവശ്യപ്പെടുന്നതും ബേക്കര്‍ എന്ന മാസ്റ്റര്‍ ആര്‍ക്കിടെക്ടിനെ കേരളീയര്‍ക്ക് കിട്ടുന്നതും. പിന്നീട് സഖാവ് അച്യുതമേനോന് ഡോ. കെ.എന്‍. രാജ്, ചന്ദ്രദത്ത് മാഷ് എന്നിവര്‍ തുടര്നിമിത്തങ്ങളായി കോസ്റ്റ്ഫോര്‍ഡ് ഉടലെടുത്തതും. സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ് കെട്ടിടസമുച്ചയവുമുണ്ടായി. ബേക്കര്‍ വീടുകളുണ്ടായി. ഇക്കാലത്താണ് ബേക്കര്‍ കെട്ടിടങ്ങള്‍ പണിഞ്ഞുകിട്ടിയവര്ക്കും പണിക്കാര്‍ക്കും മറ്റു സുഹൃത്തുക്കള്‍ക്കും ബേക്കര്‍ ബേക്കര്ജിയും ഡാഡിയുമായതും മിസ്സിസ് ബേക്കര്‍ മമ്മിയായതും.
കുഷ്ഠരോഗികളെ ചികിത്സിച്ച്, പ്രകൃതിയെ ആരാധിച്ച് പരിസ്ഥിതിയുടെ പുണ്യാളനായ സെയിന്റ് ഫാന്സിസ്സിന്രെ അനുയായികള്‍ എന്ന നിറവില്‍ ഫ്രാന്‍സിസ്ക്കന്‍സ് എന്ന് വിശേഷിപ്പിക്കേണ്ട രണ്ട് മനോഹരമായ ജീവിതങ്ങളുടെ കഥ -- ലാറി ബേക്കറന്റെയും, ആ ജീവിതകഥയുടെ വരികള്‍ക്കിടയിലൂടെ തെളിഞ്ഞുവരും എലിസബത്ത് ബേക്കറിന്റെയും കഥ -- ദ അദര്‍ സൈഡ് ഓഫ് ലാറി ബേക്കര്‍ വായിക്കുക. നമുക്കും വരും തലമുറകള്‍ക്കും ലളിതസുന്ദരമായൊരു പ്രചോദനമാണീ ജീവിതങ്ങള്‍ -- ഈ പുസ്തകവും.
Subscribe to:
Post Comments (Atom)
1 comment:
oh my god
not able to understand anything of this
can i get any translation please
Post a Comment